Ashes of Winter: A Vile Wind
തൃശൂർ എന്ന നഗരത്തിൽ, ചെമ്പുക്കാവ് എന്ന സ്ഥലത്ത് ഒരു പേരുകേട്ട മൃഗശാലയുണ്ട്. അവിടെനിന്ന് വെറും ഒരഞ്ചു മിനിറ്റ് നടന്നാൽ മതി, എൻ്റെ പഴയ വീടെത്തും. മൃഗശാലയുടെ അടുത്ത് താമസിക്കുന്നതിന്റെ വലിയ ഒരു ഉപകാരമാണിത് -- എന്നും കൃത്യം അഞ്ച് മണിക്ക് സിംഹനാദം കേൾക്കാം.
ഒരു ലിയോ എന്ന നിലക്ക് സിംഹങ്ങളോട് എന്നും ഒരു മമത എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായി എവിടെനിന്നോ വരുന്ന അലർച്ച കേട്ട് ഞാൻ അതിശയിച്ചു പോയി -- ഒരു സിംഹം അങ്ങനെയാണോ ശബ്ദിക്കുന്നത്? എവിടെ ആ രാജകീയത? ഒരു വളരെ വലിയ പശു കരയുന്നത് പോലെ ഉണ്ടായിരുന്നു.
ഞങ്ങളുടെ തറവാടെന്ന് പറയുന്നതായിരുന്നു ആ വീട്. അമ്മവീടിനോട് താരതമ്യപ്പെടുത്തിയാൽ ഞങ്ങൾക്കാ വീട് തീരെ ഇഷ്ടമില്ലായിരുന്നു. ഒത്തിരി കൊതുകും, പിന്നെ സ്ഥലവും കുറവ്. ചെറിയ കുട്ടികൾക്ക് ഓടി കളിക്കാൻ കണ്ടവും പറമ്പും ഒന്നും ഇല്ലല്ലോ പട്ടണത്തിൽ. പിന്നെ ആ വീടിനെ സംബന്ധിച്ചുള്ള ആൾക്കാരും അത്രഇണക്കമുള്ളവർ ആയിരുന്നില്ല.
എന്നിട്ടും ഈ വീട്ടിലാണ് ഞങ്ങൾ ഒരു വർഷം താമസിച്ചത്. എന്തുകൊണ്ടോ അമ്മ തീരുമാനിച്ചു തൃശ്ശൂര് വന്ന് സുഖമില്ലായിരുന്ന എൻ്റെ അച്ഛന്റെ അമ്മയെ നോക്കാമെന്ന്. കൂടെ ഞങ്ങൾ മൂന്നു പേരും.
പല രീതികളിലും ഒരു കണ്ണു തുറപ്പിക്കുന്ന വർഷമായിരുന്നു അത്. ഭർത്താവില്ലാതെ കുട്ടികളോടൊപ്പം താമസിക്കുന്ന ഒരു സ്ത്രീയുടെ വീടിന്റെ മുമ്പിൽ വന്ന് മുണ്ട് പൊക്കി കാണിക്കുന്നവരുണ്ടെന്ന് അങ്ങനെ മനസ്സിലായി. അതുപോലെ, തനിച് പള്ളിയിലേക്ക് പോകും വഴി വഴിയരികത്തൊരു മനുഷ്യൻ. അയാൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല, പക്ഷെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ഇനിമേലാൽ തന്നെ പള്ളിയിൽ പോകേണ്ട എന്ന്. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഇത് ആണുങ്ങൾക്ക് ചിലപ്പോൾ സംഭവിക്കുന്നതാണെന്ന്. അപ്പോൾ എൻ്റെ അനുജന് ഇത് സംഭവിക്കുമോ എന്നതായിരുന്നു അടുത്ത ചോദ്യം.
പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ കുട്ടികൾ ഒരു കാര്യത്തെ കുറിച്ചു ചോദ്യം ചോദിയ്ക്കാൻ പ്രായമായെങ്കിൽ, അതിന്റെ ഉത്തരം കേൾക്കാനും അവർക്ക് പ്രായമായി കഴിഞ്ഞു. വെറുതെ നുണകളും പകുതി സത്യങ്ങളും പറയുമ്പോൾ അവരെ തന്നെ അപകടത്തിലാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. വഴിയിൽ നിന്നുകൊണ്ട് ഇത്തരം പരിപാടി ഒപ്പിക്കുന്നവരുടെ അടുത്തു നിന്ന് മാറിപ്പോകണം എന്നുള്ളത് ഒരു കുട്ടിയുടെ അന്തർജ്ഞാനത്തിൽ നിന്ന് മാത്രമല്ല വരേണ്ടത് - അവരുടെ മാതാപിതാക്കൾ പറഞ്ഞ അറിവില്നിന്നുംകൂടിയാണ്.
മുണ്ട് പൊക്കി കാണിച്ചവനെ പിടിക്കാൻ അമ്മ കോർപറേഷൻകാരെ വിളിപ്പിച്ചു. അവർ അതീവ ചമ്മലോടെ ഞങ്ങൾ ഞങ്ങൾക്ക് പറ്റുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞു. അവർ അയാളെ പിടിച്ചോ, എന്നെനിക്ക് അറിയില്ല, പക്ഷെ അതിൽപിന്നെ ശല്യം നിന്നു.
നമ്മൾ കുട്ടികളായിരിക്കെ കാണുന്ന പലതിനെയും പിന്നീട് വരുന്ന അറിവിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ പല പല ചോദ്യങ്ങൾ ഉണ്ടാകാൻ തുടങ്ങും. ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ ഒരു പി.ടി. സാർ ഉണ്ടായിരുന്നു. റിട്ടയേർഡ് പട്ടാളക്കാരനാണെന്നോ എന്തോ. എല്ലാ ദിവസവും എന്തായാലും മിലിറ്ററി ശൈലിയിലുള്ള യൂണിഫോം ഇട്ടൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.
പി.ടി. സാർ ആണെന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല - അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട തൊഴിൽ കഥപറച്ചിൽ ആയിരുന്നു. പ്രത്യേകിച്ച് മഴ പെയ്യുന്നുണ്ടെങ്കിൽ എല്ലാവരെയും ഓഡിറ്റോറിയത്തിൽ കേറ്റി ഭൂതകഥകൾ പറയാൻ ആരംഭിക്കും. നാലാം ക്ലാസ്സിൽ പഠിച്ചിരുന്ന ഞങ്ങളുടെ ഇടയിൽനിന്ന് പല കുട്ടികളും ഈ സാറിന്റെ കണ്ണിലുണ്ണികളായിരുന്നു. എന്തുകൊണ്ട് ഈ സാറിന് ചിലരോട് മാത്രം പ്രത്യേക ഇഷ്ടം തോന്നുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്താ, എന്നേയും കൂട്ടത്തിൽ കൂട്ടി കഥപറഞ്ഞുകൂടേ എന്ന് ഞാൻ അല്പം കോപത്തോടെ ആലോചിച്ചു.
ഒരിക്കൽ ഞങ്ങൾ ക്ലാസ്സിലായിരുന്ന സമയം ഞങ്ങളുടെ ഒരു സഹപാടികയുമായി ഈ സാർ കയറിവന്നു. ആ കുട്ടി ഭയങ്കര കരച്ചിൽ - വയറ് വേദനിക്കുന്നു എന്നും പറഞ്ഞ്. ക്ലാസ്സിലേക്ക് വന്നാൽ ടീച്ചർ വഴക്കു പറയുമെന്ന് പേടിച്ചിട്ടാണെന്ന് സാർ വിശദീകരിച്ചു. കുട്ടിയെ ഞങ്ങളുടെ ടീച്ചർ കെട്ടിപ്പിടിക്കുകയും, ഒന്നും പേടിക്കണ്ട ആവശ്യമില്ലായെന്ന് പറയുകയും ചെയ്തു.
പത്ത് പതിനഞ്ചു വർഷത്തിന് ശേഷം ആ സ്കൂളിൽത്തന്നെ പഠിച്ചിരുന്ന ഒരു ചേച്ചി എന്നോട് ചോദിച്ചു, "നിനക്കാ സാറിനെ ഓർമ്മയുണ്ടോ? അയാൾ മഹാ പെശകാണെന്ന് മനസിലായപ്പോൾ അയാളെ പിരിച്ചുവിട്ടു" എന്ന്.
അപ്പോഴാണ് എനിക്ക് സംശയം തുടങ്ങിയത്. അന്നെന്റെ കൂട്ടുകാരി എന്തുകൊണ്ടാണ് കരഞ്ഞത്? വെറുതെ ടീച്ചറെ പേടിച്ചു മാത്രമായിരുന്നു എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഇതെല്ലാം സർവസാധാരണം ആണെന്ന് നമുക്കെല്ലാം അറിയാം. ഈ ലോകത്തിൽ എവിടെ ചെന്നാലും ഇതുപോലത്തെ ആളുകൾ നൂറുകണക്കിനാണ് കാണുക. പക്ഷെ എനിക്ക് എൻ്റെ നാടിനെ മാത്രമേ പറയാൻ ആഗ്രഹം ഒള്ളു. ഹര്യാനക്കാരൻ ഹര്യാനയെ നന്നാക്കട്ടെ. അമേരിക്കക്കാരൻ അമേരിക്കയെയും. ഞാൻ മലയാളി ആണ് - എൻ്റെ നാട്ടുകാർ ഇതുപോലെ പെരുമാറരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. "എന്തുകൊണ്ട് കേരളത്തെ മാത്രം പറയുന്നു?" എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം ആണിത്.
ഇക്കാര്യത്തെ കുറിച്ച് ഇനിയും പറയാനുണ്ട്, പക്ഷെ ഈ ചാപ്റ്റർ ഇവിടെ അവസാനിക്കട്ടെ. എല്ലാത്തിനും ഒരു ക്രമം ഉണ്ടാകണമല്ലോ. പിന്നെ, എൻ്റെ എഴുത്തിൽ തെറ്റുകൾ കണ്ടെത്തുന്നുണ്ടെങ്കിൽ എനിക്ക് കാണിച്ച് തരണം എന്നൊരപേക്ഷ - അങ്ങനെ അല്ലാതെ എൻ്റെ എഴുത്ത് ഒരിക്കലും നന്നാകില്ല.
Comments
Post a Comment
Leave an opinion!