Ashes of Winter: Fruits of the Soil
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
വൈലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം എന്ന കവിത ഞാൻ ആദ്യം കേട്ടത് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ആയിരുന്നു. അമ്മച്ചി പാടിയാണോ അതോ അമ്മ പാടി ആണോ എന്നറിയില്ല - രണ്ടുപേർക്കും ഈ കവിത വലിയ ഇഷ്ടമായിരുന്നു. വെറുതെ കേൾക്കുക മാത്രം ചെയ്കേ ഈ കവിതയുടെ ചില വരികൾ എൻ്റെ ഓർമ്മയില്നിന്ന് മായാതെ തെളിഞ്ഞു നിന്നു.
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണീരിനാൽ അന്ധമാം വർഷക്കാലം
കുറച്ചുംകൂടി പ്രായമായപ്പോൾ ഇതുപോലെ അനേകം കവിതകൾ ഞങ്ങളെ പഠിപ്പിച്ച്, മത്സരങ്ങളിലും വേറെ പരിപാടികളിലുമൊക്കെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ഞങ്ങൾ അസാധാരണക്കാരായിരുന്നില്ല - ദുബൈയിലും, പിന്നെ വേറെ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഒത്തിരി മലയാളികൾക്കും അവരുടെ സംസ്കാരം നഷ്ടപ്പെടരുതെന്ന് വലിയ ആശ വരാറുണ്ട്. അതുകൊണ്ട് എൻ.ആർ.ഐ. കുട്ടികൾ നാട്ടിൽ ജനിച്ച് വളർന്ന കുട്ടികൾ ഒരിക്കലും പഠിക്കാത്ത രീതിയിൽ കവിതയും, നൃത്തവും, സംഗീതവും പഠിക്കുന്നു. ഒരോണം പോലും നാട്ടിൽ ആഘോഷിച്ചിട്ടാല്ലാത്തവർപോലും ഓണത്തെക്കുറിച്ച് മിടുമിടുക്കരായി പ്രസംഗം പറയും. എഴുതി പഠിപ്പിച്ചിരുന്ന വാക്കുകൾ പകുതിപോലും മനസ്സിലാക്കാതെ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ അറിയുമായിരുന്നു.
തിരുവാതിര എത്ര ഞാൻ കളിച്ചിരുന്നു, പൂക്കളം എത്ര കണ്ടിരിക്കുന്നു.
അതും, ഈ മാതാപിതാക്കൾ സമയത്തിനെതിരെയാണ് മത്സരിക്കുന്നത് എന്നോർക്കണം. ഈ അഭ്യാസമൊക്കെ ഒരു പന്ത്രണ്ട് പതിമൂന്ന് വയസ്സ് വരെ മാത്രമേ നടക്കുകയുള്ളൂ. അതിനുശേഷം ഞങ്ങളെല്ലാവരും കാമുകീകാമുകന്മാരെ അനേഷിച്ചു പോകാൻ തുടങ്ങി. കേരളീയതയുടെ പാരമ്പര്യം ഞങ്ങളെയൊക്കെ സ്കൂൾജീവിതത്തിൽ അലട്ടാനും തുടങ്ങിയിരുന്നു - "മല്ലു" എന്ന് വച്ചാൽ തീരെ "കൺട്രി" എന്നായിരുന്നു സങ്കൽപം. മുടിയിൽ എണ്ണയും തേച്ച്, ഇംഗ്ലീഷ് മര്യാദയ്ക്ക് സംസാരിക്കാനും അറിയാതെ, സ്റ്റൈലിഷായി ഡ്രസ്സ് ചെയ്യാൻ സാധിക്കാതെ നടക്കുന്നവർക്ക് സ്കൂളിൽ എങ്ങനെ സ്റ്റാറ്റസ് ഉണ്ടാകാനാണ്? വേറെ ആണുങ്ങളും പെണ്ണുങ്ങളും തിരിഞ്ഞു നോക്കുകപോലുമില്ല -- അല്ലെങ്കിൽ അവസാനമില്ലാതെ കളിയാക്കും. അപ്പോഴാണ് ഞങ്ങളിൽ പലരും പ്രച്ഛന്നവേഷം ധരിക്കാൻ തുടങ്ങിയത്. ഞങ്ങളുടെ ഭാവത്തിൽനിന്നും, സംസാരരീതിയിൽനിന്നും, വേഷത്തിൽനിന്നും ഞങ്ങൾ "മല്ലു" ആണെന്ന് പറയാൻ സാധിക്കാതെ വന്നാൽ അതൊരു അഭിമാനത്തിന്റെ കാര്യം തന്നെ ആയിരുന്നു.
മലയാള കവിതകളിലെയും, നാടോടിനൃത്തങ്ങളിലെയും ലോകത്തിൽ നിന്ന് ഇത്രയും അകന്നു ജീവിക്കുന്ന കുറേ പേരെ വേറെ എവിടെ കാണും? ഇങ്ങനത്തെ കൊച്ച് സങ്കടങ്ങൾ സഹിച്ചിരുന്ന ഞങ്ങൾ തന്നെ അല്ലെ ചങ്ങമ്പുഴയുടെ വാഴക്കുല പോലത്തെ കവിതകൾ ചൊല്ലിയിരുന്നത്? സ്ത്രീധനത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ട ഒരു കുട്ടിയുടെ കഥ നൃത്തത്തിൽ അവതരിപ്പിച്ച എനിക്ക് എന്നെങ്കിലും അങ്ങനെ ഒരു ജീവിതം ജീവിക്കേണ്ടി വരുമോ?
"കരയാതെ മക്കളെ," കല്പിച്ചു തമ്പുരാൻ
"ഒരു വാഴ വേറെ ഞാൻ കൊണ്ടു പോട്ടെ"...
അവശന്മാ, രാർത്തന്മാ, രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാൻ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ? ഞാൻ പിൻവലിച്ചു!
തമ്പുരാൻ എന്തുകൊണ്ട് വേറൊരാളുടെ വാഴക്കുല എടുത്തുകൊണ്ട് പോയി എന്ന് വിശദീകരിക്കാൻ അമ്മ കൂറേ അന്നൊക്കെ പാടുപെട്ടു.
ദുബൈയിലെ എല്ലാവരും മലയാള സംസ്കാരത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നപ്പോൾ കേരളത്തിൽ ഞാൻ നേരെ വിവരീതമാണ് കണ്ടത്. അവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടത് ഞങ്ങൾ ഇംഗ്ലീഷിൽ പ്രസംഗവും കവിതയും ഒക്കെ പറഞ്ഞപ്പോൾ ആയിരുന്നു. ലിങ്കണിന്റെ ഗെറ്റിസ്ബർഗ് അഡ്രസ്സും, മാർക്ക് ആന്റണിയുടെ "ഫ്രണ്ട്‌സ്, റോമൻസ്, കൺട്രിമെൻ" എന്ന പ്രസംഗവുമായിരുന്നു മലയാളികൾക്ക് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നത്.
ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ കൗതുകം മാത്രം ഞങ്ങളിൽ കണ്ട ഇവോരോട് ഒരിക്കലും ഒരു അടുപ്പം സ്ഥാപിക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഞങ്ങൾ പിന്നീട് കേരളത്തിലേക്ക് പഠിക്കാൻ വന്നപ്പോൾ ഏറ്റവും കേരളീയ രീതിയിൽ മാത്രം പെരുമാറാൻ തീരുമാനിച്ചു. പക്ഷെ, അത് വേറൊരു ദിവസത്തേക്കുള്ള കഥയാണ്. തത്കാലം ഞാൻ ആദ്യം പഠിച്ച കവിതയുടെ രണ്ടുവരി ഇവിടെ എഴുതി ഞാൻ അവസാനിപ്പിക്കുന്നു.
വൈക്കം കായലിൽ ഓളം തല്ലുമ്പോൾ
ഓർക്കും ഞാനെന്റെ മാരനെ
മാരനെ വീരനെ
എൻ്റെ ആൻപുറ്റ മണിമാരനെ
കാറ്റുവന്നെന്റെ കഥകിൽ തള്ളുമ്പോൾ
ഓർക്കും ഞാനെന്റെ മാരനെ
മാരനെ മണിമാരനെ എൻ്റെ ആൻപുറ്റ മണിമാരനെ
Comments
Post a Comment
Leave an opinion!