Ashes of Winter: Grey Rain
ഒരു പനിച്ച് ഭ്രാന്ത് പിടിച്ച ചിന്താഗതിയിൽകൂടി മാത്രമേ ഈ കഥ എഴുതാൻ എനിക്ക് സാധിക്കുകയുള്ളു എന്ന് മനസ്സിലാകുന്നു. സാധാരണരീതിയിൽ ചിന്തിച്ചാൽ ഇത്രയും സത്യം പറയണോ എന്ന് ആലോചിച്ച് മടിച്ചു പോകും.
ഞാൻ നാട്ടിൽ പോകാൻ താല്പര്യപെടാറില്ല. വേദനിപ്പിക്കുന്ന ഓർമ്മകളും കഴിഞ്ഞു പോയ അനുഭവങ്ങളും എന്നെ അവിടെ ചെന്നിറങ്ങുമ്പോൾ തന്നെ അലട്ടാൻ തുടങ്ങും. അതുകൊണ്ടുതന്നെ വർഷത്തിൽ ഒരിക്കൽ നാട്ടിലേക്ക് പോയാൽ പോയി.
അമ്മ എന്നും അങ്ങോട്ട് വിളിക്കും. ഞാൻ അവിടെ ചെന്ന്, അമ്മയുടെ കൂടെ താമസിച്ച്, ഹോമിയോപ്പതി ചെയുന്ന മനഃശാസ്ത്രജ്ഞനെ കണ്ട് ചികിത്സ സ്വീകരിക്കണം -- ഇതാണ് സ്ഥിരം എന്നോട് അവകാശപ്പെടുന്നത്. എത്ര ശ്രമിച്ചിട്ടും PTSD എന്ന ആശയം എനിക്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ല.
ചെറുപ്പത്തിൽ അവധിക്കുവേണ്ടി നാട്ടിൽ വന്നുവന്നാണ് എനിക്ക് എട്ടുകാലികളോട് വെറുപ്പ് തോന്നിത്തുടങ്ങിയത്. ഒരു സീൽ ടീമിനെ ആദ്യം വിട്ട് എല്ലാം "ക്ലിയർ" എന്നറിയിക്കാതെ കുളിക്കാൻ പോലും സാധിക്കില്ലായിരുന്നു. കാരണം എവിടെ നോക്കിയാലും മനുഷ്യ കയ്യുടെ അത്രയും വലിയ എട്ടുകാലി. ചൂലെടുത്ത് അടിച്ചുനോക്കിയാൽ ഒട്ടു പോകുകയുമില്ല. എന്നാൽ കണ്ണൊന്നടച്ചുപോയാൽ മതി, അതിനെ കാണാതാകും. പിന്നെ കക്കൂസുപയോഗിച്ച് കഴിഞ്ഞ് ഫ്ലഷ് ഇടുമ്പോൾ ആയിരിക്കും അവൻ വീണ്ടും പ്രത്യക്ഷപ്പെടുക (അതിന്റെ അകത്തുനിന്ന്).
എനിക്ക് ഏഴു വയസ്സുള്ളപ്പോൾ ഞങ്ങൾ ഒരു വർഷം വന്ന് നാട്ടിൽ താമസിച്ചു. അമ്മാമ്മക്ക് തീരെ സുഖമില്ലായിരുന്നു. ആ ഒരു വർഷത്തിലാണ് ഞാൻ മഴയെ സ്നേഹിക്കാൻ പഠിച്ചത്. എത്ര ചെരുപ്പ് നനഞ്ഞിട്ടും, എത്ര വഴിയിൽ തെന്നിവീണിട്ടും, എത്ര കുടകൾ നഷ്ടപ്പെട്ടിട്ടും പറഞ്ഞിട്ട് കാര്യമില്ല -- ആദ്യമഴയിൽ നനഞ്ഞ മണ്ണിന്റെ മണം മറക്കാനാവില്ല.
മലയാള കുർബാനയോട് എനിക്കുള്ള പ്രേമവും ഇവിടെ വച്ചാണ് തുടങ്ങിയത്. കൊച്ചപ്പന്റെ നൂറാമത്തെ പിറന്നാൾ ആഘോഷത്തിന്റെ കൂടെ എൻ്റെ ആദ്യ കുർബാനയും നടത്തിക്കണമെന്ന് വീട്ടുകാരെല്ലാവരുംകൂടി തീരുമാനിച്ചു. ആദ്യ കുർബാന സ്വീകരണത്തിന്റെ ഒരുക്കത്തിൽ ഉൾപ്പെട്ടതായിരുന്നു എന്നും രാവിലെ പള്ളിയിൽ പോകുന്നത്. പാട്ടുകൾ ഇത്രക്കും ഉൾകൊള്ളുന്ന കുർബാനകൾ അല്ല ഇംഗ്ലീഷിൽ ഉള്ളത് -- അതുകൊണ്ടുതന്നെ ബോറടി കുറെയായി കുറഞ്ഞിരുന്നു.
അന്ന് സൺഡേ സ്കൂളിൽ എൻ്റെ കൂടെ പഠിച്ച ചിലരെ ഇന്നും വഴിയിൽ വച്ച് കാണാറുണ്ട്. എന്തെങ്കിലും ചെറിയ ഒരു തിരിച്ചറിവ് പോലും ഇല്ലാതെ രണ്ട് കൂട്ടരും സ്വന്തം വഴിയേ പോകും -- ഇത്രയും വർഷം കഴിഞ്ഞാൽ പിന്നെ പറയാൻ എന്താണുള്ളത്? അന്നേ അവരും ഞാനും തമ്മിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു. ഇന്നു വ്യത്യാസം ഒരു സമുദ്രം പോലെ ആണ് ഞങ്ങൾക്കിടയിൽ കിടക്കുന്നത്.
ദുബൈയില്നിന്ന് വന്ന ഞങ്ങൾക്ക് എട്ടുകാലിയെയും, പുഴുക്കളേയും, പാറ്റയെയും പിന്നെ എലിയെയും ഒന്നും പരിചയമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വിചാരിച്ചിരുന്നത് കേരളത്തിൽ ജനിച്ചു വളർന്ന ആർക്കും ഇതിനെ ഒന്നിനെയും പേടിയുണ്ടാകില്ല എന്നായിരുന്നു.
ആദ്യ കുർബാന സ്വീകരണത്തിന് വേണ്ടി പഠിക്കാൻ എന്നെ വീട്ടിനടുത്തുള്ള മഠത്തിൽ അയച്ചു. അവിടെ, ഭക്ഷണത്തിന് കൈ കഴുകാൻ ചെന്ന വാഷ്‌ബേസിനിൽ കടുംപച്ച നിറമുള്ള ഒരു ഭീകരമായ തേൾ. ഒന്നും മിണ്ടാതെ ഞാൻ തിരിച്ചു വന്നു - കൈ കഴുകാൻ എനിക്ക് പേടിയായിരുന്നു, പക്ഷെ ഗൾഫിൽനിന്ന് ആയിരുന്നതുകൊണ്ടുള്ള എൻ്റെ ധൈര്യക്കേട് വെളിപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ലായിരുന്നു.
കൈ എന്തുകൊണ്ട് കഴുകിയില്ല എന്ന് ചോദിച്ചപ്പോൾ ഞാൻനാണത്തോടെ കൈ ചൂണ്ടി വാഷ്‌ബേസിനിലേക്ക്. അതിപ്പിന്നെ മഠമാകേ കാറിച്ചയും കൂവിച്ചയും ആയിരുന്നു. തേളിനോടുള്ള എനിക്കുണ്ടായിരുന്ന പേടി തന്നെ അവരിൽ കൂടുതൽ പേർക്കും ഉണ്ടായിരുന്നു എന്നെങ്ങനെ മനസ്സിലായി.
അന്നൊക്കെ മഴക്കാലം എന്ന് പറഞ്ഞാൽ കപ്പ നട്ട വയലിൽ അരയോളം വെള്ളം എന്നായിരുന്നു അർത്ഥം. എൻ്റെ അനുജത്തി ഉണ്ടായതിന് കുറച്ചുനാൾ ശേഷം ഞങ്ങൾ അമ്മവീട്ടിൽ ചെന്നിരുന്നു. നല്ല മഴക്കാലം. ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടാത്ത കൊച്ചിനെകൊണ്ട് അമ്മ നടക്കാൻ പോകുമായിരുന്നു. കൂട്ടത്തിൽ നാല് വയസ്സുള്ള ഞാനും, മൂന്ന് വയസ്സുള്ള അനുജനും. കൊച്ച് കാഴ്ച കണ്ട് ശ്രദ്ധ തെറ്റിയ സമയം വായിലേക്ക് ഭക്ഷണം അമ്മ വയ്ക്കുമായിരുന്നു. ഭക്ഷണം വായിൽവന്ന നിമിഷം അവൾ പിടക്കാനുംതുടങ്ങുമായിരുന്നു. അങ്ങനെ പിടഞ്ഞാണ് ഒരു ദിവസം അമ്മയുടെ കൈ തെറ്റി കപ്പ വയലിലേക്ക് അവൾ വീണത്.
അരയോളം വെള്ളം, അതും തീരെ കലങ്ങിയത്. കൊച്ച് വീണ അതേ സ്ഥലത്തേക്ക് 'അമ്മ ഉടൻതന്നെ കൈ ഇട്ടു - വെള്ളത്തിൽനിന്ന് പൊങ്ങിവന്ന കയ്യിൽ കരയുന്ന കുട്ടി. ഇതു മുഴുവനും സംഭവിച്ച് തീരാൻ ഒരു മിനിറ്റ് പോലും എടുത്ത് കാണില്ല -- അതായിരുന്നു എൻ്റെ അനുജത്തിയുടെ "near death experience."
പള്ളി, ബന്ധുക്കൾ, കോഴിയെ ഓടിച്ചിടൽ, എട്ടുകാലി. ഇതൊക്കെ ആയിരുന്നു കേരളം എനിക്ക്. വളർന്നു വരുംതോറും ഇന്റർനെറ്റും ഇംഗ്ലീഷും ഇല്ലാത്ത ലോകത്തിൽ രണ്ടാഴ്ച പോലും കഴിയാൻ പറ്റാതായി വന്നു. ആ സാഹചര്യത്തിലായിരുന്നു ഒരു ബോർഡിങ് സ്കൂളിൽ ചേർക്കാൻ പോകുന്നു എന്ന തീരുമാനവുമായി മാതാപിതാക്കൾ വന്നത്.പ്രത്യേകിച്ച് പറയണ്ടല്ലോ -- ആ പരീക്ഷണം നന്നായല്ല അവസാനിച്ചത്.
Comments
Post a Comment
Leave an opinion!