Ashes of Winter - Blossoms by the Road
എഴുതാതിരിക്കാൻ കാരണങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഇയാൾക്കെന്റെ എഴുത്തിഷ്ടപ്പെട്ടില്ല. മറ്റേയാൾ ഇത് വായിച്ചിട്ട് എന്ത് ചിന്തിക്കും? ഇതാണെങ്കിൽ കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ എഴുതിയാൽ മാത്രമേ ശരിയാകുകയുള്ളു.
"ആരേയും നോവിക്കാതെ എഴുതാൻ നീ പഠിച്ചുതുടങ്ങി." ഇതായിരുന്നു അമ്മയുടെ പ്രതികരണം. ആരേയും നോവിക്കാതെ പക്ഷെ കഥകൾപറയാൻ സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ കഥയിലും ഉണ്ടായിരിക്കണമല്ലോ ദുഷ്ടകഥാപാത്രങ്ങൾ.
വർഷാവസാനമുള്ള പരീക്ഷകൾ എഴുതുന്നതിന് പകരം ഞങ്ങൾ നാലാം ക്ലാസ്സിന്റെ അവസാനമായപ്പോൾ ടൂറിന് പോയി. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് - ഇതായിരുന്നു യാത്രാകാര്യക്രമം. ബാംഗ്ലൂർ വച്ചുതന്നെ മോശമായ സെവൻ അപ്പ് കുടിച്ച് എൻ്റെ വയറാകെ അപ്സെറ്റായി. ബാക്കിയുള്ള യാത്രയുടെ എൻ്റെ ഓർമ്മകൾ ഏതോ പാതി ഉറക്കത്തിൽ എന്നപോലെ ആണ്. നീണ്ട ബസ്‌യാത്രയുടെ ഇടക്ക് "മകൾക്ക് സുഖമില്ല, ജനൽ അടക്കാമോ?" എന്ന് അച്ഛൻ മുമ്പിലിരിക്കുന്ന ഡ്രൈവറിനോട് ചോദിക്കുന്നത്. (അയാൾക്കുറങ്ങാൻ സാധിക്കില്ല എന്ന് പറഞ്ഞ് ജനൽ അടക്കാൻ അയാൾ തയാറായിരുന്നില്ല. ചിന്തിച്ചുനോക്കുമ്പോൾ, അങ്ങനെതന്നെ വേണം - കുട്ടികൾക്കുറങ്ങാൻ എന്തോരംഅവസരങ്ങളുണ്ട്. അങ്ങനെയാണോ നാളെ ചെന്നൈയിൽനിന്ന് തിരിച്ച് ബാംഗ്ലൂർക്ക് വണ്ടി ഓടിക്കണ്ട ഡ്രൈവറിന്റെ കാര്യം?)
ചെന്നൈയിലുള്ള ബന്ധുക്കളെ അന്നാണ് ആദ്യമായും അവസാനമായും കണ്ടുമുട്ടുന്നത്. അവരിലൊരാൾ ഒരു ഡോക്ടർ ആയിരുന്നു - അവരുടെ വീട്ടിൽവെച്ച് പനിക്കുവേണ്ടിയുള്ള കുത്തിവയ്പ്പ് മേടിച്ച് കിടന്നുറങ്ങിയത് ഓർക്കുന്നുണ്ട്. അവരുടെ പട്ടിയുടെകൂടെ കളിക്കാൻ പറ്റാഞ്ഞതിൽ അതീവ സങ്കടം തോന്നിയതും ഓർക്കുന്നുണ്ട്. അന്നാണ് മനസ്സിലാകുന്നത്, ഒരു കാര്യം എത്ര ഇഷ്ടപ്പെട്ടാലും സുഖമില്ലെങ്കിൽ നമുക്കുതന്നെ അത് ചെയ്യാൻ തോന്നില്ല എന്ന്.
ഇന്നുപിന്നെ എനിക്ക് പനിവന്നാൽ ദേഹത്തെ ചൂടാസ്വദിക്കാൻ എൻ്റെ രണ്ടു പൂച്ചകളും ഓടിയെത്തും, അതുകൊണ്ടീ പ്രശ്നം എനിക്കിനിയില്ല.
മഹാബലിപുരത്തേക്കും, കാൻചീപുറത്തേക്കും ഒക്കെ അങ്ങനെയാണ് ഞാൻ ആദ്യമായും അവസാനമായും പോകാൻ ഇടവന്നത്. ഹൈദരാബാദിൽ എല്ലാ ചൂണ്ടുപലകകളിലും അറബിയിലുള്ള എഴുത്തുകണ്ട് ഗൃഹാതുരയാകുകയും ചെയ്തു. അങ്ങനെ രണ്ടോ മൂന്നോ ആഴ്ച്ച ഞങ്ങൾ ദക്ഷിണഇന്ത്യ മുഴുവൻ കറങ്ങി.
ഞങ്ങളുടെ അയൽക്കാർക്ക് താക്കോൽ കൊടുത്തിട്ടാണ് ഞങ്ങൾ പോയിരുന്നത്. ഞങ്ങളുടെ മീനിന് തീറ്റകൊടുക്കാമെന്ന് അവർ ഏറ്റിരുന്നു. പക്ഷെ തിരിച്ചുവന്നപ്പോൾ കാണുന്നത് പകുതി മീൻ ഭക്ഷണം കിട്ടാതെ മരിക്കുകയും, ബാക്കിയെ ഏതോ പൂച്ച പിടിക്കുകയും ചെയ്തതായാണ്. ഭാഗ്യത്തിന് ബാക്കിയുണ്ടായിരുന്ന ആമക്ക് ഒന്നും പറ്റിയിരുന്നില്ല -- അതിന്റെ കഥ കഴിയാൻ പിന്നെയും രണ്ടു മൂന്ന് മാസം എടുത്തെന്നാണ് തോന്നുന്നത്.
(പ്രത്യേകിച്ച് പറയേണ്ടല്ലോ - അതിൽ പിന്നെ എനിക്ക് മീനിനേയോ ആമയെയോ വളർത്താൻ പേടിയാണ്. നമ്മുടെ കയ്യപഥം കൊണ്ട് എന്തെളുപ്പത്തിലാണ് ഇവയുടെയൊക്കെ ജീവൻ നഷ്ടപ്പെടുന്നത്.)
ഈ പര്യടനത്തിന്റെ സമയത്താണ് ഞാൻ ഗാന്ധിയുടെ "എൻ്റെ സത്യാന്വേഷണ പരീക്ഷണകഥ" ആദ്യമായ് വായിച്ചത്. അമ്മ വാങ്ങിച്ചുതന്ന വേറെ പല പുസ്തകങ്ങൾപോലെ, ഇതും അമ്മ വായിച്ചിരുന്നില്ല. പക്ഷെ ഗാന്ധിയുടെ ആത്മകഥയായതിനാൽ ഞാൻ തീർച്ചയായും വായിച്ചിരിക്കണം എന്ന് നിർബന്ധം പിടിച്ചു.
രാഷ്ട്രപിതാവിന്റെ എഴുത്താണെന്ന് പറഞ്ഞിട്ടെന്താകാര്യം -- വായിക്കുംതോറും മനസ്സിലയായി, ഇദ്ദേഹം നമ്മൾ വിചാരിച്ചതുപോലെ ഒന്നുമല്ല എന്ന്. തൻ്റെ അച്ഛന്റെ മരണശേഷം ഗാന്ധി ബ്രഹ്മചര്യവ്രതം എടുത്തതിനെക്കുറിച്ച് അഭിമാനിച്ചപ്പോൾ ഞാൻ അമ്മയോട് ചോദിച്ച് - "പക്ഷെ അയാളുടെ ഭാര്യ ഇനി എന്ത് ചെയ്യും?" എന്ന്. ഞാൻ പറഞ്ഞത് ചിലപ്പോൾ അമ്മക്ക് മനസിലായിക്കാണില്ല - എന്നോട് പുസ്തകം മുഴുവൻ വായിച്ചിട്ട് അതിനെക്കുറിച്ചു ചർച്ച ചെയ്യാം എന്ന് പറഞ്ഞുവിട്ടു.
മൂന്നാം ക്ലാസ്സിന്റെ പരീക്ഷ മാത്രം എഴുതി നേരെ നാലിലേക്ക് കടക്കുകയായിരുന്നു, അന്ന് കേരളത്തിൽ വച്ച് ഞാൻ. രണ്ടാം ക്ലാസ്സിൽ പഠിക്കാൻ പറ്റാത്തതിന്റെ കുറവ് അങ്ങനെ അങ്ങ് തീർന്നു. സ്കൂളിനോടൊപ്പം ഞങ്ങൾ നൃത്തവും ഗാനവും, പിന്നെ കരാട്ടെയും അന്ന് പഠിക്കാൻ പോകുമായിരുന്നു. ഇതിന്റെകൂടെ പള്ളിയിടവകയിലുള്ള എല്ലാവർക്കുമായി പ്രാർത്ഥനായോഗങ്ങളും. അവിടെയൊക്കെ വച്ചു പരിചയപ്പെട്ടവരെ ഇന്നും ഞാൻ ഓർക്കുന്നു. അന്ന് ഒമ്പതും പത്തും വയസ്സുണ്ടായിരുന്ന അവരിന്ന് കല്യാണവും കഴിച്ച് ജോലി ചെയ്യുകയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമേ എനിക്കന്ന് കാണാൻപറ്റിയുള്ളു. അങ്ങനെ എൻ്റെ ഓർമ്മയിൽ അവരെന്നും പത്തുവയസ്സുള്ള ചെറുപ്രതിമകളായി നിലനിൽക്കും.
കാലം കഴിയുവോളം എനിക്കൊരു ഭയം - ഓർമ്മയിൽ സൂക്ഷിച്ചിട്ടുള്ള ഇവരെ ഞാൻ മറന്നാൽ പിന്നെ അവർ ഒരിക്കലും ഇല്ലാതിരുന്നതുപോലെ ആകുമോയെന്ന്. കണ്ടുമുട്ടിയ എല്ലാവരിലും തീപ്പൊരിപോലെ ജ്വലിക്കുന്ന എന്തോ പ്രത്യേകത ഞാൻ തിരിച്ചറിഞ്ഞു -- അതൊരിക്കലും മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഈ കഥ പറയുന്നതിലൂടെ എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നവരെ ശാശ്വതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
Comments
Post a Comment
Leave an opinion!