Ashes of Winter: Silver Sands


ഓർമ്മകളിൽനിന്നു മാത്രം പറയുന്ന കഥകളിൽ പലപ്പോഴും പിശകുകൾ കാണും. ആരോ വേറെ ആരോടോ പറഞ്ഞത് അവർ എന്നോട്...

ഈ രീതിയിൽ ഞാൻ പണ്ട് കേട്ട ഒരു സിനിമയെക്കുറിച്ചുള്ള അഭിപ്രായം. കെ പി എ സി ലളിതയുടെ ചെറുപ്പകാലത്തെ സിനിമയാണിത് - തീർച്ചയായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റ്. പക്ഷെ അതിന്റെ പേരോ, അതിനെ കുറിച്ച് വേറെ ഒന്നുമോ എനിക്കറിയില്ല.

സിനിമയിൽ കെ പി എ സി ലളിത വർണ്ണിക്കുന്ന കഥാപാത്രത്തിനെ അവരുടെ ഭർത്താവുപേക്ഷിക്കുകയും, സിനിമയുടെ അവസാനമാകുമ്പോൾ തിരിച്ചുവരികയുംചെയ്യുന്നു. അയാളെ വർഷങ്ങൾക്ക് ശേഷം കാണുന്ന ഭാര്യ ഒന്നും മിണ്ടിയില്ല, കരഞ്ഞില്ല, ദേഷ്യപ്പെട്ടില്ല എന്നതിൽ സിനിമ കണ്ട ഒരാൾ അതിശയിക്കുകയായ്. ഇത്രയും സ്ത്രീകൾ അടിച്ചമർത്തപ്പെട്ട ഒരു നാടാണല്ലോ നമ്മുടേത്; ഒരു സ്ത്രീക്ക് ഒരു തരിപോലും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്നല്ലോ, എന്ന് ഇയാൾ അഭിപ്രായപ്പെടുകയായിരുന്നു.

നമ്മുടെ മാധ്യമത്തെ വിമർശനബുദ്ധിയോടെ നോക്കുന്നതിൽ എനിക്കുണ്ടായിരുന്ന ആദ്യത്തെ അനുഭവമായിരുന്നു ഇത്. അന്നാസിനിമ ഞാൻ കാണുകയായിരുന്നെങ്കിൽ കണ്ടത് ചിന്തയില്ലാതെ ഞാൻ ഉൾകൊള്ളുമായിരുന്നു. ഇന്ന് ഞാൻ കാണുന്ന മാധ്യമത്തിന് പക്ഷെ അത്ര എളുപ്പത്തിൽ രക്ഷപ്പെടാനാവില്ല.

കേരളീയ സമൂഹത്തിലെ സ്ത്രീകളുടെ മോശ സ്ഥാനത്തിന്റെ തെളിവായി ഞാൻ കുറേകാലം ഈ ഓർമ്മ കൊണ്ടുനടന്നു. പക്ഷെ ഇപ്പോൾ ചിന്തിച്ചുനോക്കുമ്പോൾ ഇത് പറഞ്ഞതാരാണെങ്കിലും, അവർക്ക് തെറ്റിപ്പോയി എന്നെനിക്ക് തോന്നുന്നു.

ഭർത്താവ് ഉപേക്ഷിച്ച് പോയ ഒരു ഭാര്യക്ക് തീർച്ചയായും അരിശവും, സങ്കടവും, നിരാശയും ഒക്കെ തോന്നുക സർവ്വസാധാരണമാണ്. അയാൾ ഒരാഴ്ച്ച കഴിഞ്ഞ് തിരിച്ചു വന്നിരുന്നെങ്കിൽ തീർച്ചയായും വടിയെടുത്ത് അടിച്ച് മുഖത്തിന്റെ ഷേപ്പ് അവർ മറ്റുമായിരുന്നു.  രണ്ടു മാസം കഴിഞ്ഞ് വന്നിരുന്നെങ്കിൽ നാട്ടുകാരുടെ മുമ്പാകെ ചീത്തവിളിച്ച് വീട്ടിൽനിന്ന് ചവിട്ടി പുറത്താക്കുമായിരുന്നു.

പക്ഷെ വർഷങ്ങളും വർഷങ്ങളും കഴിഞ്ഞ് തിരിച്ച് വരുന്നവനോട് പറയാൻ ഇനി എന്താണ് ബാക്കി ഉള്ളത്? തമ്മിൽ കാണുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും പണ്ടേ ആലോചിച്ചുതീർന്നുകാണില്ലെ? ഒരിക്കൽ സ്നേഹിച്ചവൻ അങ്ങേ അറ്റത്തെ തെണ്ടിയാണെന്ന് സമ്മതിക്കാതിരിക്കുവാൻ കഴിയുവോളം ശ്രമിച്ചിട്ട് അവസാനം സത്യത്തിന് മുമ്പേ കീഴടങ്ങി കഴിഞ്ഞില്ലേ? ഇനി അവൻ തിരിച്ചു വന്നാലും, പിന്നെ ഒരിക്കലും വന്നില്ലെങ്കിലുമൊക്കെ ഒരുപോലെ അല്ലേ?

ഈ ലോകം ഉണ്ടായി കഴിഞ്ഞിട്ടിപ്പോൾ എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞു. മനുഷ്യജീവിതം ഉത്ഭവിച്ച് കഴിഞ്ഞിട്ടും അതുപോലെ തന്നെ. നാം ഇന്ന് ജീവിക്കുന്ന ലോകത്തിൽ ഒരു തീർച്ച മാത്രമേ ഉള്ളു എങ്കിൽ അതിതാണ് - നമ്മൾ ആരും അതുല്യരല്ല - നമ്മൾ ചെയ്യുന്ന എല്ലാ പ്രവൃത്തിയും നമുക്കു മുമ്പേ ആരോ ചെയ്‌തുകഴിഞ്ഞു. അല്ല - നമുക്കു മുമ്പേ അനേകായിരങ്ങളാണ് ഇതുതന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നത്‌. സാമൂഹിക സാഹചര്യങ്ങൾ എത്ര മാറിയാലും മനുഷ്യമനസ്സിന് മാറാൻ ഉദ്ദേശമൊന്നും ഇല്ലായെന്ന് വ്യക്തമാകുന്നു.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് പഞ്ചതന്ത്രത്തിലെ മൂഷികസ്ത്രീയുടെ കഥയെനിക്ക് ഓർക്കാൻ ഇടയായി. സൂര്യനായി പോലും കല്യാണം ആലോചിച്ചിട്ടും അവസാനം അവർക്ക് താല്പര്യം തോന്നിയത് മൂഷികനോടാണ്. കേരളത്തെ ഇത്രയും ഇഷ്ടമില്ലാത്ത എനിക്കന്ന് ആദ്യമായി തോന്നി, എന്തുവന്നാലും ഞാൻ മലയാളി ആണ്. മലയാളത്തെയും മലയാളിയെയും എനിക്ക് സ്നേഹിക്കാതെ ആവില്ല.

പുല്ലിൽ ഒളിഞ്ഞു കിടക്കുന്ന പാമ്പിനെപ്പോലെ എൻ്റെ സാക്ഷാത്കാരത്തിലുണ്ടായിരുന്നു വരാൻ പോകുന്ന വേദനയുടെ വിത്തുകൾ. പണ്ടുണ്ടായിരുന്നതിനേക്കാളും വേദനിപ്പിക്കുന്ന ഓർമ്മകൾ ഇന്നെനിക്കുണ്ട്, കേരളത്തിലേക്ക് കടക്കുമ്പോൾ. എന്നാലും അന്ന് ലഭിച്ച മലയാളി എന്ന വ്യക്തിത്വം മാറിയിട്ടില്ല - മറിച്ച്, അതിന് ശക്തി കൂടിയിട്ടേ ഉള്ളു.

Comments

Popular posts from this blog

Throwback: Waltzing to the Tune of Rhetoric

Sweet Summer Child: A Love Letter

Review: Vampire Academy #2 - Frostbite