The Clamour of War
പാൽ പല്ല് ഇളകി പോയി കഴിഞ്ഞിട്ടും നാക്കെന്തുകൊണ്ട് അതിനെ തപ്പി പോകുന്നു?
എഴുതിയിട്ടും എഴുതിയിട്ടും വിരലുകളിലെ വേദന അറിയാതെ ഞാനിതാ, രാത്രി മുഴുവനും പിന്നെയും എഴുതാൻ ഇരിക്കുന്നു. ഉറങ്ങാനിപ്പോൾ ഭയക്കുന്നുണ്ടോ എന്ന് സംശയിച്ചുപോകും, കാരണം സൂര്യോദയം മുതൽ സായാഹ്നം വരെ പണി എടുത്തിട്ടും, പഠിച്ചിട്ടും, നിദ്ര തേടി കണ്ണുകൾ അടക്കുമ്പോൾ ഓർമ്മകൾകൊണ്ട് നിർമ്മിച്ച ഏതോ ആരാമത്തിലാണ് ഞാൻ ചെന്നെത്തുന്നത്.
ആരെയെന്നോ എന്തിനെയെന്നോ അറിയാതെ, എന്നിട്ടും എന്തോ തേടി പോകാൻ ആഗ്രഹിക്കുന്ന മനസ്സിനോട് എന്ത് പറയണമെന്നറിയാതെ ഞാൻ നിശഃശ്ശബ്ദയായി നിന്നുപോകുന്നു. എത്ര വർഷം അന്വേഷിച്ചാലും കണ്ടെത്താൻ ബാക്കി ഒന്നുമില്ല എന്ന് ഞാൻ എങ്ങനെ ഈ ഹൃദയത്തെ പറഞ്ഞുമനസ്സിലാക്കും? വേറെ ഏതോ ചുണ്ടുകളിൽനിന്ന് കേൾക്കേണ്ട വാക്കുകൾ ഞാൻ പറയാൻ ശ്രമിക്കുമ്പോൾ അത് വെറും വിലയില്ലാത്ത കടലാസ്സുപോലെ ആരോ തട്ടിക്കളയുന്നു. ഇവളുടെയും അവന്റെയും നടുവിൽനിന്ന് മണിക്കൂറോളം വട്ടം തിരിയലായി മാറിക്കഴിഞ്ഞു എൻ്റെ രാത്രികൾ. അവസാനം എപ്പോഴെങ്കിലും കവിൾത്തടങ്ങളിലെ കണ്ണീർ തലയണയെ കുതിർത്തു കഴിഞ്ഞു എന്ന് മനസിലാകും. അപ്പോൾ എഴുന്നേറ്റ് പിന്നെയും എഴുതാൻ ഇരിക്കും. എനിക്കിതിൽ കൂടുതൽ എന്ത് ചെയ്യണമെന്ന് അറിയില്ല.
മനസ്സിലെ പല രൂപങ്ങളെക്കുറിച്ച് കഥ എഴുതാൻ ഞാൻ പല പ്രാവശ്യം ശ്രമിച്ചിരിക്കുന്നു. സ്വപ്നലോകങ്ങളിൽകൂടി അലഞ്ഞുനടക്കുന്ന രാജകുമാരിയും, ഹെഡ്മിസ്ട്രസ്സ് സ്ഥാനം ഏറ്റെടുത്ത് ചിട്ടയും സമാധാനവും നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു ക്യാപ്റ്റനും, വില്ലൻ വേഷത്തിൽ എല്ലാം നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നവളും... ഇവയെല്ലാം ഞാൻ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളാണ്. ഇവയെല്ലാം ഒരേ തലച്ചോറിൽ സഹവർത്തിത്വമായ രീതിയിൽ കാണുകയും ചെയ്യുന്നു.
മനഃശാസ്ത്രത്തിൽ ഇതിനെ ടിസ്സോസിയേഷൻ എന്നാണ് പറയുന്നത് എന്ന് ഞാൻ ഈയിടെ അറിയാൻ ഇടവന്നു. രോഗിയുടെ മനസ്സിൽ ഒരേ സമയത്ത് കാണുന്ന വ്യത്യസ്ത രൂപങ്ങളെ നശിപ്പിക്കാൻ ശ്രമിക്കരുതെന്നാണ് മനഃശാസ്ത്രജ്ഞർക്ക് സാധാരണയായി കൊടുക്കുന്ന ഉപദേശം. കാരണം ഓരോ വ്യത്യസ്ത രൂപത്തിനും രോഗിയുടെ സംരക്ഷണത്തിൽ ഒരു പങ്ക് വഹിക്കാനുള്ളതാണ്. അതെ, എല്ലാം നശിപ്പിക്കാൻ ആഗ്രഹിക്കുന്ന വില്ലൻ കഥാപാത്രത്തിന് പോലും എന്തോ ഒരു കടമ നിർവഹിക്കാൻ ഇരിക്കുന്നു.
മനസ്സിനകത്ത് ആഭ്യന്തരയുദ്ധം നടക്കേ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാൻ സാധിച്ചവർ ചുരുക്കമാണെങ്കിലും, അവരുടെ നിലനിൽപ്പുതന്നെ എനിക്കൊരു പ്രോത്സാഹമാണെന്നും. അതുപോലെതന്നെ, ജീവിതത്തിലെ ചെറിയ വിജയങ്ങൾ നേടുന്നവർ - ജോലി ചെയ്യുക, പഠിക്കുക, മരണത്തിലേക്ക് തിരിയാതെ ജീവിതത്തെ എന്നും എന്നും നേരിടാൻ ധൈര്യപ്പെടുന്നവർ.
സമൂഹത്തിന് സമൂഹം തീരുമാനിക്കുന്ന രീതിയിൽ പ്രതിഫലം നല്കാനാകാത്തവർക്ക് ജീവിക്കാൻ അർഹതയില്ലെന്ന് പറഞ്ഞുവരുന്നവരെ പൊരുതാൻ എന്നെ എന്നും സഹായിക്കുന്നവർ ഈവീരയോദ്ധാക്കൾ അല്ലാതെ ആര്?
Comments
Post a Comment
Leave an opinion!