Ashes of Winter: Dancers In My Soul


അവരെ ആദ്യം കണ്ടുമുട്ടിയ നിമിഷം തുടങ്ങിയുള്ള എൻ്റെ സംശയമായിരുന്നു - അവരുടെ പേര് അവർ തന്നെ തിരഞ്ഞെടുത്തതല്ലേ എന്ന്. അറബിക്കഥയിലെ രാജകുമാരികൾക്കുള്ളപോലത്തെ പേര്. ആ പേരിന് ചേർന്ന സൗന്ദര്യവും.

നൃത്തം എന്നെ പഠിപ്പിക്കാൻ ശ്രമിച്ച അനേകരിൽ രണ്ടുപേരാണ് കൂടുതലായും ഓർമ്മയിൽ വ്യക്തമാകുന്നത് - ആദ്യത്തെ അധ്യാപകയും, പിന്നെ അവസാനത്തെ അധ്യാപകനും. നൃത്തത്തിന്റെ നൃ പോലും ചെയ്യാൻ സാധിക്കാത്ത ഒരു കുട്ടിയെ സാമാന്യം നല്ല രീതിയിൽ ആടാൻ പഠിപ്പിക്കണമെങ്കിൽ, അതൊരു സാമർഥ്യം തന്നെ. ജീവിതം മുഴുവൻ നീളുന്ന ഒരു യാത്രയുടെ ആദ്യചുവടുകൾ അങ്ങനെയാണ് അനാർക്കലി എന്ന നർത്തകി എനിക്ക് കാണിച്ചു തരാൻ ഇടയായത്.

തൃശൂർ ഞങ്ങളുടെ വീടിന്റെ അടുത്തുതന്നെയായിരുന്നു അനാർക്കലി പഠിപ്പിച്ചിരുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് എല്ലാവർക്കും ഒരുമിച്ചായിരുന്നു ക്ലാസ്സ് എടുത്തിരുന്നത്. ഏറ്റവും ഇളയ കുട്ടികൾ മുമ്പിലും, മുതിർന്നവർ പിന്നിലും - എല്ലാവരും തട്ടടവ് തുടങ്ങി ചെയ്തിരിക്കണമെന്നത് നിർബന്ധമായിരുന്നു. ഓരോ അടവ് കഴിയുംതോറും അത് വരെ പഠിച്ചിട്ടില്ലാത്തവർ മാറി പോയി ഇരിക്കും. അങ്ങനെ അലാരിപ്പും തോടയവും ഒക്കെ കഴിഞ്ഞ് ഏറ്റവും അവസാനം വലിയ ചേച്ചിമാർ അവരുടെ കുച്ചിപ്പുടിയോ ഭരതനാട്യ വർണങ്ങളോ കളിക്കുന്നത് കണ്ടിരിക്കാമായിരുന്നു.

എങ്ങനെയോ ഇതെല്ലാം രണ്ടു മണിക്കൂറിന്റെ ക്ലാസ്സിൽ അടങ്ങിതീരുമായിരുന്നു. അതിൽത്തന്നെ ഒരു അധ്യാപകയുടെ കഴിവ് കാണാൻ സാധിക്കും. പിന്നെ, പഠിപ്പിക്കുന്ന ശൈലിയിൽ വലിയ പരിഷ്കാരമൊന്നും കാണിക്കാൻ കൂട്ടാക്കാറില്ലായിരുന്നു അനാർക്കലി. അരമണ്ഡലം പോരാഞ്ഞു വരികയോ, അടക്കത്തിൽ ചാടാതിരിക്കുകയോ ചെയ്താൽ താളം കൊട്ടുന്ന വടി തന്നെ കാലിനിട്ടോ തലക്കിട്ടോ എറിയാൻ ഒരു മടിയും ഇല്ലായിരുന്നു. പിന്നെ മണ്ടത്തരം കാണിക്കുമ്പോൾ "കിഡ്നി" ഉപയോഗിക്കാൻ ഞങ്ങളെ എന്നും ഓർമ്മിപ്പിക്കുമായിരുന്നു.

അവിടെ വച്ച് ഞങ്ങൾ മൂന്ന് പേർ കൂട്ടുകൂടി - നാലാം ക്‌ളാസ്സിൽ പഠിക്കുന്ന ഞാൻ, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന രേഷ്മ,  ആറിൽ പഠിച്ചിരുന്ന അഞ്ജു. ഏണിപ്പടികൾ പോലെ കയറിവന്ന ഞങ്ങളുടെ പ്രായത്തിന്റെ ക്രമം എനിക്കന്ന് വളരെ ആകർഷകമായി തോന്നി. നൃത്തത്തിന് വലിയ പ്രാപ്തിയൊന്നും ഇല്ലാത്തവരുടെ നിന്ദാശീലത്തിലാണ് ഞങ്ങൾ ഏറ്റവും ഒരുമ കണ്ടെത്തിയത്.

അഞ്ജുവിനോടും രേഷ്മയോടും സംസാരിക്കുന്നില്ലായിരുന്ന സമയങ്ങളിൽ ഞാൻ അവിടുത്തെ സുന്ദരിമാരെ ആദരിച്ചിരിക്കുമായിരുന്നു. ഒതുങ്ങിയ ശരീരമുള്ള നിഖിതയും, പ്രതിമാലക്ഷണമുള്ള ഉഷസ്സും, പിന്നെ അവളുടെ പിന്നിൽ നടക്കുമ്പോൾ ശരീരത്തിൽനിന് കണ്ണെടുക്കാൻ സാധിക്കാത്ത റാണിയും. അവർക്ക് ഞാൻ വെറും കൊച്ചുകുട്ടിയായിരുന്നു - നല്ല വാക്കോ വഴക്കോ ഒരുപോലെ എന്നോട് അവർ പറയുമായിരുന്നു.

സ്ത്രീകളോടുള്ള എൻ്റെ ആകർഷകം വളരെ നേരത്തെ തന്നെ തുടങ്ങിയെങ്കിലും, അത് തിരിച്ചറിഞ്ഞ് തുടങ്ങാൻ തന്നെ പത്താം ക്ലാസ് വരെ ഞാൻ കാത്തിരിക്കേണ്ടി വന്നു. അതിൽപിന്നെ ചിന്തിച്ചുനോക്കിയപ്പോഴാണ് എത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മായാത്ത പേരുകളെയും മുഖങ്ങളേയും കുറിച്ച് ഓർത്തത്. KG-2ലെ മണാലി, റിംഷ, സബ. തൃശ്ശൂരെ എൻ്റെ അയൽക്കാരായിരുന്ന ആനിനേയും, മീരേയും കാണാൻ ഞാൻ തക്കം നോക്കികാത്തിരുന്നത്. പിന്നെ തിരിച്ച് ദുബായിലേക്ക്വന്നപ്പോൾ എൻ്റെ സഹപാഠികകളായിരുന്ന അനേകർ.

സ്വവർഗ്ഗരതി എന്ന ആശയത്തെക്കുറിച്ച് അറിയുന്നതുപോലും ഏഴാം ക്ലാസ്സിൽ ആയിരുന്നെങ്കിലും ഞാൻ ആരെന്നുള്ളത് സത്യത്തിന്റെ ദീപസ്തംഭം പോലെ എന്നും മനസ്സിൽ തെളിഞ്ഞ് നിന്നിരുന്നു. കൂട്ടത്തിൽ പഠിച്ചിരുന്ന ആൺകുട്ടികളുടെ പേരുകളും മുഖവുമൊക്കെ മറന്നിരിക്കെത്തന്നെ ആ പെൺകുട്ടികളെ ഞാൻ ഇന്നുവരെ ഓർത്തിരിക്കുന്നു. 

Comments

Popular posts from this blog

Throwback: Waltzing to the Tune of Rhetoric

Sweet Summer Child: A Love Letter

Review: Vampire Academy #2 - Frostbite