Ashes of Winter: No Fool's Land


Soon this will feel like a distant dream. Until then, may you rest in a deep and dreamless slumber. - Elise, Westworld

എനിക്കൊരു കൊച്ചു കുറ്റം ഏറ്റുപറയാനുണ്ട്. അല്ല, അതൊരു കുറ്റമല്ല, മറിച്ചൊരു സ്വകാര്യം. ഭാഗ്യദേവത എന്ന സിനിമയിലെ ആഴി തിരതന്നിൽ എന്ന പാട്ടെനിക്ക് വളരെ ഇഷ്ടമാണ്. സത്യത്തിൽ, അതിലെ മുഖ്യ കഥാപാത്രം കാണിക്കുന്ന സുശീലതയും സ്നേഹവും എനിക്കൊരിക്കലും കാണിക്കാനാവില്ലെങ്കിലും, ആ സിനിമ തന്നെ എനിക്ക് വളരെ ഇഷ്ടമായി.

ജയറാം സിനിമ എടുക്കുന്നത് വീട്ടമ്മമാരെ ഉദ്ദേശിച്ചാണ്. അതുകൊണ്ട് തന്നെ സ്ത്രീക്ക് ഏതോ ദേവത ഭാവം കൊടുക്കാതെ സിനിമ പൂർത്തിയാകില്ല. തന്നോട് മോശമായി പെരുമാറുന്ന ഒരാളെ സ്നേഹംകൊണ്ട് ജയിച്ചെടുക്കുക എന്ന ഈ ആശയം തീരെ സംശയകരമായി മാത്രമേ എനിക്ക് തോന്നുകയുള്ളൂ. എങ്ങനെയായാലും, ഇതുപോലെ ചിന്തിക്കുന്ന സ്ത്രീകളുടെ തലയിൽ ചവിട്ടി അല്ലെ പുരുഷന്മാർ ഇത്രയും വഷളായത്?

ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടും പിന്നെ എന്തുകൊണ്ട് ഈ പാട്ട് കേൾക്കാൻ ഞാൻ പിന്നെയും പിന്നെയും തിരികെ വരുന്നു? ഗന്ധങ്ങൾ ഓർമ്മകളെ ഉണർത്തുന്നതുപോലെ തന്നെ ഈ പാട്ടും ഇതാ, എന്നോട് മോശമായി പെരുമാറിക്കൊണ്ടിരുന്ന ആരെയോ സ്നേഹിച്ച ഒരു കാലത്തേക്ക് എന്നെ തിരിച്ചുവിളിക്കുന്നു.

എന്തിന് ഞാൻ ഇയാളെ ഇതുപോലെ സ്നേഹിക്കണം എന്ന് കണികയുടെ കഥാപാത്രമായ ഡെയ്സി തന്നോടുതന്നെ ചോദിച്ചുകാണുമോ? അങ്ങനെ സ്വയം ചോദിച്ചിരുന്നെങ്കിൽ, എന്തുത്തരം കിട്ടി എന്ന് എന്നോട് അവർ പറയുമോ? കാശിനെ ധ്യാനിച്ച് ഉറങ്ങുന്നവൻ ഒരുത്തനെ എനിക്കും അറിയാമായിരുന്നു, ഡെയ്സി. കാശിനെ ചൊല്ലി വഴക്കുണ്ടാക്കുകയും, ചെയ്തുതന്നതിനൊന്നും ഒരിക്കൽ പോലും നന്ദി പറയാതിരിക്കുകയും ചെയ്യുന്നവനോട് എത്രകാലമെന്ന് വച്ചാണ് ഡെയ്സി, സ്‌നേഹപൂർവമായി സംസാരിക്കുക? ഒരിക്കൽ പോലും "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയാൻ ധൈര്യപ്പെടാത്ത ഇവരോട് എന്തിന് നമ്മൾ സംസാരിക്കണം, ഡെയ്സി?

എൻ്റെ ചോദ്യങ്ങൾക്കുത്തരം നൽകാൻ ഡേയ്സിക്ക് സാധ്യമല്ല, കാരണം അവളെ എഴുതിയത് സ്നേഹവും സേവനവും എല്ലാം അവൻറെ കുടുംബസ്വത്തായി കാണുന്ന ഒരുത്തനായി പോയി. ശത്രുവിനോട് യുദ്ധ തന്ത്രങ്ങൾ ചോദിക്കുന്നവൾ വിഡ്ഢിയല്ലേ?

എന്നാലും ഡെയ്സി, ഞാൻ അറിയാതെ ചോദിച്ചു പോകുന്നു - ഇത്രയും നിന്ദയോടുകൂടി പെരുമാറിയ ഒരു ഭർത്താവായി തുടങ്ങുന്ന ഈ ജീവിതത്തിൽ എത്രനാൾ സന്തോഷം നിലനിൽക്കും? അവന് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് മറക്കല്ലേ, ഡെയ്സി. സ്നേഹിക്കാൻ അറിയാത്തവനുണ്ടോ സ്നേഹം നഷ്ടപ്പെടാൻ പോകുന്നു.


Comments

Popular posts from this blog

Throwback: Waltzing to the Tune of Rhetoric

Sweet Summer Child: A Love Letter

Review: Vampire Academy #2 - Frostbite